അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും ; ഭീഷണിയുമായി ഖാലിസ്താനി തീവ്രവാദ സംഘടനയായ എസ്.എഫ്.ജെ.

അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാൻ പോകുന്നതെന്ന ഭീഷണിയുമായി ഖാലിസ്താനി തീവ്രവാദ സംഘടനയായ എസ്.എഫ്.ജെ. പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദർശനത്തിന് മുന്നോടിയായാണ് തീവ്രവാദികൾ ഭീഷണി മുഴക്കിയിരിക്കുന്നത്. 2019 ജൂലൈ 10നാണ് എസ്.എഫ്.ജെയെ നിരോധിത തീവ്രവാദ സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് . യുഎൻ ജനറൽ അസംബ്ലിയിലും ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്തുന്നത്. ഈ ദിവസങ്ങളിൽ വൈറ്റ് ഹൗസിന് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നാണ് ഖാലിസ്താനി തീവ്രവാദികളുടെ മുന്നറിയിപ്പ്.

പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി നിരവധി പാകിസ്താനി നമ്പറുകളിൽ നിന്നായി ഐഎസ്‌ഐ ഏജന്റുമാർ പ്രത്യേക അജണ്ടയോടെ മോദി വിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടെന്ന് സുരക്ഷ ഏജൻസികൾ പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിലെത്തുന്ന സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് ഖാലിസ്താനി തീവ്രവാദികളുടെ ശ്രമം. പാകിസ്താന്റെ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ. വാട്‌സ്ആപ്പിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും തീവ്രവാദികൾ മോദി വിരുദ്ധതയും ഇന്ത്യ വിരുദ്ധതയും പ്രചരിപ്പിക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥർ പറയുന്നു. ഖാലിസ്താനി തീവ്രവാദികൾ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിലൂടെയും വെബ്‌സൈറ്റിലൂടെയും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളും ശക്തമാണ്. യുവാക്കൾ ഇന്ത്യക്കെതിരായി പ്രക്ഷോഭം നടത്തണമെന്നും, ഇവർക്ക് വിദേശരാജ്യങ്ങളിൽ പൗരത്വം നേടുന്നതിന് സഹായം ലഭിക്കുമെന്നും തീവ്രവാദികൾ വാഗ്ദാനം ചെയ്യുന്നു.

സെപ്തംബർ 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരും ക്വാഡ് മീറ്റിംഗിൽ പങ്കെടുക്കാൻ അമേരിക്കയിലെത്തും. ക്വാഡ് നേതാക്കൾ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.