സത്യഭാമയ്ക്ക് തിരിച്ചടി; അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു.ഇത് ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.