പോലീസിന് ആളുമാറി, പ്രതിയുടേതെന്ന് കരുതി വളഞ്ഞത് പരാതിക്കാരന്റെ വീട്

കാസർകോട് : പ്രതിയെ അന്വേഷിച്ചിറങ്ങിയ പോലീസ് വളഞ്ഞത് പരാതിക്കാരന്റെ വീട്. ബേത്തൂർപാറ സ്കൂൾ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യംചെയ്തതിന് ബേത്തൂർപാറയിലെ കെ.സച്ചിനെ കുറ്റിക്കോൽ തമ്പുരാട്ടിക്ഷേത്രം കളിയാട്ടത്തിനിടെ ഒരുകൂട്ടം ആളുകൾ മർദിച്ചിരുന്നു.

ഇതോടെ സച്ചിൻ ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു.എന്നാൽ പ്രതികളെ പിടികൂടാൻ പോലീസ് വൈകിയതോടെ പ്രതിഷേധം ശക്തമായി. ഇതോടെ പ്രതികളെ പിടിക്കാനുറച്ച് പോലീസിറങ്ങി. പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോൺ നമ്പറിന്റെ ലൊക്കേഷനാണ് പോലീസ് തിരഞ്ഞത്.
ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ പോലീസ് പുലർച്ചെ സച്ചിന്റെ വീട്ടിലെത്തി.

വീട്ടുകാരെ വിളിച്ചുണർത്തി സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറയുകയും ചെയ്തു. സച്ചിനെ കണ്ടപ്പോഴാണ് പോലീസിന് അബദ്ധം മനസ്സിലായത്. വീടിന് ചുറ്റിലും അഞ്ച് പോലീസുകാരുണ്ടായിരുന്നതായി സച്ചിൻ പറഞ്ഞു. ഫെബ്രുവരി 27-ന് നടന്ന സംഭവത്തിൽ എട്ടുപേരെ പ്രതി ചേർത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. അബദ്ധം മനസിലാക്കിയപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി കയറിയതെന്ന് പറഞ്ഞ് പോലീസ് തടിതപ്പി.