കാനത്തിന് വൈകാരിക യാത്രയയപ്പ് നല്‍കി തിരുവനന്തപുരം, വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു

തിരുവനന്തപുരം. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി തലസ്ഥാനം. തിരുവനന്തപുരത്ത് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഇവിടെ നിന്നും വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കൊച്ചിയില്‍ നിന്നും രാവിലെ വ്യോമമാര്‍ഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കമുള്ളവര്‍ ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കാനത്തിന് വൈകാരികമായ യാത്രയയപ്പാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നല്‍കിയത്. രാത്രി 11 മണിയോടെ വിലാപയാത്ര കാനത്തെ വസതിയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

ഞായറാഴ്ച രാവിലെ 10നാണ് സംസ്‌കാരം. കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം കോട്ടയത്തേക്ക് എത്തിക്കുക.