വിവാദകത്ത്: ഓംബുഡ്‌സ്മാന്‍ അന്വേഷണത്തെ ഭയപ്പെട്ട്‌ തിരുവനന്തപുരം നഗരസഭ.

തിരുവനന്തപുരം. ശുപാര്‍ശ കത്ത് വിവാദത്തില്‍ ഓംബുഡ്‌സ്മാന്‍ അന്വേഷണത്തെ ഭയപ്പെട്ട്‌ തിരുവനന്തപുരം നഗരസഭ. ഓംബുഡ്‌സ്മാനോട് പരാതി നിരസിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി കത്തെഴുതി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നുള്ളതെന്നും, പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ആണ് നഗരസഭയുടെ വാദം. ഓംബുഡ്‌സ്മാന്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നൽകിയ നോട്ടീസിന് ഇക്കാര്യം അറിയിച്ച് നഗരസഭ മറുപടി നല്‍കുകയായിരുന്നു. പരാതി നിരസിക്കണം എന്നാണ് നഗരസഭാ സെക്രട്ടറിയുടെ ആവശ്യം.

സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനാല്‍ പരാതി ഓംബുഡ്‌സ്മാന്റെ പരിധിയില്‍ വരില്ലെന്നുമാണ് നഗരസഭാ സെക്രട്ടറി നൽകിയിരിക്കുന്ന മറുപടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോട് നല്‍കിയ പരാതിയിലായിരുന്നു ഓംബുഡ്‌സ്മാന്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നത്.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച ക്രൈം ബ്രാഞ്ച് വ്യാജരേഖ ചമയ്ക്കലിന് കേസെടുത്താണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുന്നത്.

കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിപ്പകര്‍പ്പ് കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ മേയര്‍ ഇത് നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതാണ്.