അല്പം വൈകിയാണെങ്കിലും കൊറോണ വാക്‌സിൻ കുത്തിവെപ്പെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൊറോണ വാക്‌സിൻ സ്വീകരിച്ചു. ലോകനേതാക്കൾ പലരും വാക്സിൻ നേരത്തെ തന്നെ സ്വീകരിച്ചെങ്കിലും ഇന്നലെയാണ് ബോറിസ് ജോൺസൺ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിൻ സ്വീകരിക്കുന്നതിൽ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വാക്‌സിൻ കുത്തിവെപ്പെടുത്തത്. ആസ്ട്രാസെനകയുടെ വാക്‌സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വർഷം മുമ്പ് ബോറിസ് ജോൺസന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

കുത്തിവെയ്‌പെടുക്കുമ്പോൾ തനിക്ക് നല്ല അനുഭവമായിരുന്നുവെന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും വേഗത്തിൽ എടുത്തു കഴിഞ്ഞതായും ബോറിസ് ജോൺസൺ പ്രതികരിച്ചു. കൊറോണയാണ് ലോകത്തിന് മുന്നിലുള്ള ഭീഷണി, വാക്‌സിനെടുക്കുക എന്നതാണ് ലോകത്തിലെ ഓരോ വ്യക്തിയും ചെയ്യേണ്ട കടമയെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. വാക്‌സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാൽ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.