തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം; ചെയര്‍പേഴ്സണെതിരെ കേസെടുക്കാന്‍ വിജിലന്‍സ് അനുമതി തേടി

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയര്‍പേഴ്സൻ അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്. വിജിലന്‍സ് ഡയറക്ട്രേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്യും. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വേരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചിട്ടുണ്ട്. ചെയര്‍പേഴ്സണെതിരായ കൃത്യമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണത്തിനായി വിജിലൻലസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നൽകിയത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദേശം. ഇതേ തുടർന്ന് ചെയര്പേഴ്സന്റെ ഓഫിസ് സീൽ ചെയ്‌തിരുന്നു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയർപേഴ്സന്റെ മുറിയിൽ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.