ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന; മകള്‍ എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ടിഎന്‍ പ്രതാപന്‍

തൃശൂര്‍: മകള്‍ ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ടിഎന്‍ പ്രതാപന്‍ എംപി. ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടിഎന്‍ പ്രതാപന്‍ സന്തോഷം അറിയിച്ചത്.

ഈ മഹാമാരിക്കാലത്തും സന്നദ്ധ സേവനത്തിന് അവള്‍ തയ്യാറാണ്. ഏത് വിഷമഘട്ടത്തിലും ആശ്വാസമാകുന്ന ഒരു മനസ്സ് അവള്‍ക്കുണ്ടാകണമെന്നാണ് എന്റെ പ്രാര്‍ത്ഥന, തന്റെ മകള്‍ എംബിബി എസ് പഠനം പൂര്‍ത്തീകരിച്ചതാണ്. ഹഔസ് സര്‍ജന്‍സി കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം- അഭിമാനമെന്ന് അദ്ദേഹം കുറിച്ചു. അവളുടെ സാനിധ്യം തന്നെ സാന്ത്വനമാകുന്ന ഒരു നല്ല കാലമാണ് എന്റെ സ്വപ്നമെന്ന് ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാഥാര്‍ഥ്യമായിരിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം സമൂഹമാണ് എല്ലാം. വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ആഗ്രഹങ്ങളും പലപ്പോഴും നേര്‍ത്തുനേര്‍ത്ത് ഇല്ലാതാകും. സമൂഹത്തിന്റെ ആകുലതകളില്‍ മനസ്സും ജീവിതവും കൊടുത്ത് ഉറ്റവര്‍ക്കുവേണ്ടി ജീവിക്കാന്‍ മറന്നുപോകുന്നവരുണ്ട് നമുക്കിടയില്‍. പൊതുപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ള വലിയൊരു ചോദ്യം കൂടിയാണത്. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് അക്കാര്യത്തില്‍ ഒരു തിരിച്ചറിവുണ്ട്. സ്വകാര്യ ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടതായ ജീവിതങ്ങളും അവരുടെ അവകാശങ്ങളും സന്തോഷങ്ങളും നമ്മുടെ വലിയ ഉത്തരവാദിത്തങ്ങള്‍ തന്നെയാണ് എന്ന് ഞാന്‍ ഇടക്കെപ്പോഴോ മനസ്സിലാക്കിയ സത്യമാണ്.

ദൈവതുല്യരായ മാതാപിതാക്കള്‍, നല്ല പാതിയായ ഭാര്യ, കരളിന്റെ കഷ്ണങ്ങളായ മക്കള്‍, രക്ത ബന്ധത്തിനാല്‍ വിളക്കിച്ചേര്‍ത്ത കൂടപ്പിറപ്പുകള്‍ എന്നിങ്ങനെ നമ്മുടെ ജീവിതത്തില്‍ എപ്പോഴും താങ്ങും തണലുമാകുന്ന ഒരു പറ്റം ജീവിതങ്ങളുണ്ട്. പൊതു ജീവിതത്തില്‍ നമ്മുടെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ച നമ്മുടെ ചുറ്റിലുള്ളവരുടെ എണ്ണവും തരവും താല്പര്യങ്ങളും മാറിമറിയും. ചിലപ്പോള്‍ നമ്മള്‍ ഒറ്റക്കായിപ്പോവും. കൂടെയുണ്ടാകുമെന്ന് കരുതിയവരൊക്കെ വേറെ ചില്ലകളിലേക്ക് ചേക്കേറും. അതൊരു പ്രകൃതി രീതിയാണ്. അതങ്ങനെ തുടരും. നമുക്ക് പരിഭവിക്കാന്‍ വകയില്ല.

എന്നാല്‍ ഇല്ലായ്മകളിലും വല്ലായ്മകളിലും കൂട്ടായി എപ്പോഴുമുള്ളത് കുടുംബമാണ്. മനസ്സും ശരീരവും തളര്‍ന്ന് നില്‍ക്കവേ നമുക്ക് ചായാന്‍ തണല്‍ വൃക്ഷം കണക്കെ അവരുണ്ടാകും. ചിലപ്പോഴെങ്കിലും പൊതുജീവിതത്തിന്റെ ഊഷരതക്കിടയില്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ട് ദാഹിച്ചവശരായതുപോലെ തളരുമ്പോള്‍ താങ്ങി നില്‍ക്കാനുള്ള മരുപ്പച്ചയായി കുടുംബം കാണും. ജരാനരകള്‍ ബാധിച്ചാലും, ശരിയോര്‍മ്മകള്‍ നശിച്ചാലും അവര്‍ നമ്മുടെ കൂടെയുണ്ടാകും. കുടുംബത്തെപോലെ നമ്മോടൊപ്പം ഒട്ടി നില്‍ക്കുന്നവരും ഉണ്ടാകും. എന്റെ അനുഭവത്തിലുമുണ്ട് അങ്ങനെ ചില സുകൃത സൗഹൃദങ്ങള്‍ എന്നത് പറയാതെ പോകുന്നത് നീതിയല്ല. കോവിഡ് കാലത്ത് നിരന്തരം ഓര്‍ക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ കാരണം, എന്റെ മകള്‍ എം ബി ബി എസ് പഠനം പൂര്‍ത്തീകരിച്ചതാണ്. ഹഔസ് സര്‍ജന്‍സി കഴിഞ്ഞ് അവള്‍ വീട്ടിലെത്തി. ഒരച്ഛന്റെ കണ്ണ് നിറയുകയാണ്. സന്തോഷം- അഭിമാനം.