കേരളത്തില്‍ ജീവിക്കാനാവുന്നില്ല, ദയാവധം തേടി ട്രാന്‍സ് വുമണ്‍ അനീറ

ഇവിടെ ജീവിക്കാനാവുന്നില്ലെന്ന കാരണത്താല്‍ ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ അനീറ കബീര്‍. ദയാ വധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കി തരണം എന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അനീറ. ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് നിരാശയാണ് അനീറയെ ദയാവധത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

രണ്ട് വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദം, എം എഡ്. സെറ്റ് എന്നീ യോഗ്യതകള്‍ അനീറയ്ക്കുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്‌കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷ നല്‍കി. എന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ ആയത് കൊണ്ടു മാത്രം അവസരം നിഷേധിക്കപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പോലും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് അനീറ പറയുന്നു.

പിന്നീട് പാലക്കാടെ ഒരു സര്‍ക്കാര്‍ സ്‌ക്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു. സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കായിരുന്നു നിയമനം നടന്നത്. അനീറയുടെ നിയമനം ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.