പ്രവീൺ നെട്ടാരുവിന്റെ കൊല: പോപ്പുലർ ഫ്രണ്ടിന്റെ ‘ഹിറ്റ് ടീം’ അംഗം തുഫൈൽ അറസ്റ്റിലായി

ബെംഗളൂരു . കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയുമായി ബന്ധപ്പെട്ട് നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ സെക്രട്ടറിയായ എം.എച്ച്. തുഫൈൽ അറസ്റ്റിലായി. എൻഐഎ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ ലക്ഷ്യമിട്ടു പോപ്പുലർ ഫ്രണ്ട് രൂപം നൽകിയ’സർവീസ് ടീമി’ലെ അംഗമാണ് തുഫയ്‌ലെന്ന് എൻഐഎ ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. കൊലപാതക ശേഷം ഒളിവിൽ പോയിരുന്ന തുഫയ്‌ലിനെ, ബെംഗളൂരുവിലെ ഒളി താവളത്തിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ട ആളുകളെ കൊലപ്പെടുത്താനായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഗൂഢാലോചനകളിൽ മുഖ്യ പങ്കുവഹിച്ച ആളാണ് തുഫയ്‌ലെന്ന് എൻഐഎ വ്യക്തമാക്കുന്നു. ‘പ്രവീൺ നെട്ടാരുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും തുഫയ്‌ലായിരുന്നു.’ – എൻഐഎ വക്താവ് പറഞ്ഞിരിക്കുന്നു. 2016ൽ കുശാൽനഗറിൽ പ്രശാന്ത് പൂജാരി എന്നയാളെയും 2012ൽ വിഎച്ച്പി നേതാവ് ഗണേഷിനെയും കൊലപ്പെടുത്തിയ കേസുകളിലും പ്രതിയാണ് തുഫയ്‌ൽ എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.

2022 ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. ഇന്ത്യയിൽ‍ 2047ല്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഐഎ പറഞ്ഞിരുന്നു. ഇന്ത്യയിൽ‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ ലക്ഷ്യമിട്ടു പോപ്പുലർ ഫ്രണ്ട് ‘സർവീസ് ടീമും’ ‘കില്ലർ ടീമും’ രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചിരുന്നത്.

കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ‘കില്ലർ ടീമി’നെ രൂപീകരിച്ചിരുന്നതെന്നും എൻ ഐ എ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. പോപ്പുലർ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവർത്തിച്ചു വന്നിരുന്നത്. സമൂഹത്തിനിടയിൽ ഭീതി പരത്തുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചു വന്നിരുന്നതെന്നും എൻഐഎ വിശദീകരിക്കുന്നുണ്ട്.