ക്രൂര ബലാത്സംഗത്തിന് ഇരയായ അശ്വതി നമ്പ്യാര്‍ കോമയിലോ? അതോ മരിച്ചോ?, ട്വന്റി ട്വന്റി ക്ലൈമാക്സ് വീണ്ടും ചർച്ചയാകുന്നു

സ്വകാര്യ ചാനൽ നടത്തിയ ഇന്റർവ്യൂവിലെ പരാമർശമാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇപ്പോൾ കുടുക്കിയിരിക്കുന്നത്. അമ്മ സംഘടന നിർമ്മിക്കുന്ന അടുത്ത മൾട്ടിസ്റ്റാർ ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മരിച്ചുപോയവർ വീണ്ടും വരില്ലല്ലോ ഭാവന ഇപ്പോൾ അമ്മ സംഘടനയിൽ ഇല്ലെന്നും ബാബുവിന്റെ പ്രതികരണം.എന്നാൽ ‘അശ്വതി നമ്പ്യാർ കോമയിലാണ്, കൊല്ലരുത്’ എന്ന് സാമൂഹ്യമാധ്യമങ്ങൾ ഏറ്റുപിടിച്ചു. അമ്മയുടെ സെക്രട്ടറികൂടിയായ ബാബുവിന് സിനിമയുടെ ക്ലൈമാക്സ് പോലും അറിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അമ്മയുടെ ജനറൽ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന ലജ്ജാകമാണെന്ന് ചൂണ്ടിക്കാട്ടി നടി പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവച്ചതോടെയായിരുന്നു ഇടവേള ബാബുവിന്റെ ന്യായീകരണം. ക്രൂര ബലാത്സംഗത്തിന് ഇരയായി കോമയിൽ കഴിയുന്ന ‘അശ്വതി നമ്പ്യാർ’ മരിച്ചതായി ചിത്രത്തിൽ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനമാണ് ഇടവേള ബാബുവിനെതിരെ ഉയരുന്നത്. എന്നാൽ ഭാവനയെ ഉദ്ദേശിച്ചല്ല ട്വന്റി 20യിൽ നടി അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയെന്നാണ് പറയാൻ ശ്രമിച്ചതെന്ന അമ്മ ജനറൽ സെക്രട്ടറിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു.

ട്വന്റി 20യിൽ ഭാവനയവതരിപ്പിക്കുന്ന പാർവ്വതി നമ്പ്യാർ മരിക്കുന്നില്ല. ഇതു വ്യക്തമാക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. യഥാർഥത്തിൽ സിനിമയിൽ ഭാവന എന്ന കഥാപാത്രത്തിന്റെ ജീവിതം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് അഭിനയിച്ച വില്ലൻ കഥാപാത്രം ഒരു സൗന്ദര്യ മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമിൽ വച്ച് ഭാവനയുടെ കഥാപാത്രത്തെ ആക്രമിക്കുന്നു. ചെറിയ ഒരു ഡോസിൽ തന്നെ ഒരാളെ വർഷങ്ങളോളം കോമയിലാക്കാൻ ശേഷിയുള്ള ഫോമാലിൽ എന്ന മരുന്നാണ് എന്ന വിശദീകരണത്തോടെ ഒരു മരുന്ന് ഭാവനയുടെ ശരീരത്തിൽ കുത്തി വയ്ക്കുന്നു.

ഇതിനുപിന്നാലെ ബോധം നശിക്കുന്ന ഭാവനയുടെ കഥാപാത്രത്തെ വില്ലൻമാർ ചേർന്ന് ആക്രമിക്കുന്നതാണ് രംഗം. ഇവിടേക്കെത്തുന്ന ദിലീപിന്റെയും ജയറാമിന്റെയും കഥാപാത്രങ്ങളും വില്ലന്മാരും തമ്മിലെ സംഘർഷരംഗത്തിനിടെ ജയറാമിന്റെ കഥാപാത്രം ഭാവനയെ കാറിൽ കയറ്റി രക്ഷപ്പെടുത്തുന്നത് കാണാം. പിന്നീട് സിനിമയുടെ ക്ലൈമാക്‌സിന് തൊട്ടുമുന്നിലുള്ള രംഗങ്ങളിൽ ഭാവനയെ കാണാൻ എത്തുന്ന മോഹൻലാലിന്റെയും സീനുകൾ കാണാം. അവിടെ മമ്മൂട്ടി സഹോദരിയായ ഭാവന ചികിത്സയിലാണെന്നും കുറച്ചുവർഷത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും പറയുന്നു. ഈ രംഗങ്ങളിലെല്ലാം കോമയിൽ കിടക്കുന്ന ഭാവനയെക്കാണാം. ഇതിനെല്ലാം മുൻപ് തന്നെ സിനിമയുടെ ആദ്യ ഭാഗത്തിൽ സഹോദരി ചികിത്സയിലാണെന്നും അതിജീവിക്കുകയാണെന്നും മമ്മൂട്ടി പറയുന്നുണ്ട്.

ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ചിത്രത്തിൽ ഭാവന മരിച്ചെന്നും അതിനാലാണ് മരിച്ചവരെ തിരിച്ചു കൊണ്ടാവരാനാകില്ലെന്നുള്ള വിവാദ പരാമർശം നടത്തിയതുമെന്നും ഇടവേള ബാബു പറയുന്നത്.