മെയ് മാസത്തോടെ രാജ്യത്ത് പുതിയ രണ്ടു കൊറോണ വാക്‌സിനുകൾ കൂടി വിതരണത്തിന് തയ്യാറാകും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയിൽ രണ്ടു കൊറോണ വാക്‌സിനുകൾ കൂടി മെയ് മാസത്തോടെ തയ്യാറാകുമെന്ന് കൊറോണ കർമ സമിതി അദ്ധ്യക്ഷൻ ഡോ എൻ കെ അറോറ. റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി, ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് തയ്യാറാകുന്ന പുതിയ രണ്ടു വാക്‌സിനുകൾ.

റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി നാലോ അഞ്ചോ ആഴ്ച്ചകൾക്കുള്ളിൽ ഉപയോഗത്തിന് തയ്യാറാകും. തുടർന്ന് തയ്യാറാകുക സൈഡസ് കാഡില വാക്‌സിനാണ്. അത് മെയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്‌സിൻ മൂലം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2020 സെപ്തംബറിലാണ് ഇന്ത്യയിൽ സ്പുട്‌നിക് വിയുടെ ക്ലിനിക്കൽ ട്രയലിന് തുടക്കം കുറിച്ചത്. ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. വാക്‌സിനുകളുടെ ഉപയോഗം കൊറോണ പ്രതിരോധത്തിന്റെ ആക്കം കൂട്ടും. നിലവിൽ ഇന്ത്യയിൽ നിന്നുള്ള വാക്‌സിന് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചൈനയും വാക്‌സിൻ തയ്യാറാക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വാക്‌സിൻ അപേക്ഷിച്ചു സ്വീകാര്യത കുറവാണു. അതേസമയം ഇന്ത്യയിൽ നിർമിക്കുന്ന വാക്‌സിന്റെ നിർമാണം മോഷ്‌ടിക്കുന്നതിനായി ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന വാർത്തകൾ വരുന്നുണ്ട്.