105 കിലോ കഞ്ചാവുമായി തലയോലപ്പറമ്പില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

കോട്ടയം. തലയോലപ്പറമ്പില്‍ കാറില്‍ കടത്തുവാന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് രക്ഷപ്പെടുവാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കോട്ടയം കരിപ്പൂത്തോട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

കഞ്ചാവുമായി യുവാക്കള്‍ എറണാകുളം ഭാഗത്തുനിന്നും എത്തിയപ്പോള്‍ വെട്ടിക്കാട്ട് മുക്കില്‍ വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ നിറുത്താതെ കാറില്‍ നിന്നും ഒരു യുവാവ് ചാടി രക്ഷപ്പെടുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടികൂടി. പിന്നീട് കാര്‍ തലയോലപ്പറമ്പ് ജങ്ഷനില്‍ വച്ച് പിടികൂടി. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും എവിടെയ്ക്കാണ് പോകുന്നതെന്നും പോലീസ് അന്വേഷിച്ച് വരുകയാണ്.