സ്ത്രീകള്‍ എല്ലാം പോയോ എന്ന് നോക്കി ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ട് മാത്രമേ ലാലേട്ടന്‍ ഒക്കെ പോവുമായിരുന്നുള്ളൂ, ഉര്‍വശി പറയുന്നു

സിനിമ മേഖലയില്‍ എല്ലാ കാലഘട്ടത്തിലും സ്ത്രീകള്‍ ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അന്നൊക്കെ അതിനെ നേരിടന്‍ സഹതാരങ്ങള്‍ ഒപ്പമുണ്ടായിരുന്നെന്നും പറയുകയാണ് നടി ഉര്‍വശി. അക്കാലത്ത് സഹപ്രവര്‍ത്തകരില്‍ തന്നെ ഞങ്ങളെ പ്രൊട്ടക്ട് ചെയ്യാന്‍ മനസുള്ളവരുണ്ടായിരുന്നുവെന്നും താരസംഘടനയായ അമ്മയുടെ വനിതാ ദിനാഘോഷ പരിപാടിയായ ആര്‍ജ്ജവയില്‍ പങ്കെടുത്ത് സംസാരിക്കുവെ നടി പറഞ്ഞു.

ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാനൊക്കെ അഭിനയിക്കാന്‍ വന്ന സമയത്ത്, ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ലാലേട്ടനെ പോലുള്ളവര്‍ അന്ന് നമ്മളെ അത്രയേറെ പ്രൊട്ടക്ട് ചെയ്തിരുന്നു എന്നതാണ്. ഒരു ലൊക്കേഷനില്‍ പോകുമ്പോള്‍ ഇന്നത്തെപ്പോലെ ഓരോരുത്തര്‍ക്കും വണ്ടിയോ സൗകര്യമോ ഒന്നും ഇല്ല. രണ്ട് വണ്ടിയോ മൂന്ന് വണ്ടിയോ ഉണ്ടാകും. അംബാസിഡര്‍ നോണ്‍ എ.സി. എന്നാല്‍ ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ഒക്കെ പോയോ എന്നാണ്. എന്നെപ്പോലുള്ളവര്‍ മാത്രമല്ല ചെറിയ വേഷം ചെയ്യുന്നവരായിക്കൊള്ളട്ടെ എല്ലാവരും പോയോ എന്ന് നോക്കി ഞങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ അവര്‍ പോകുള്ളൂ.

അങ്ങനെ സഹപ്രവര്‍ത്തകരില്‍ തന്നെ ഞങ്ങളെ പ്രൊട്ടക്ട് ചെയ്യാന്‍ മനസുള്ളവരുണ്ടായിരുന്നു. പിന്നെ ചില ക്രിമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും ഉണ്ടായിരുന്നു. ഇന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വളര്‍ന്നതൊണ്ട് കുറേ കാര്യങ്ങള്‍ പെട്ടെന്ന് പുറത്ത് വരുന്നു. കഴിഞ്ഞ ദിവസമൊക്കെ ഒന്ന് രണ്ട് കാര്യങ്ങള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. നമ്മളെ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ച നമ്മുടെ അച്ഛന്‍മാര്‍ ആയിക്കോട്ടെ ഗുരുക്കന്‍മാര്‍ ആയിക്കോട്ടെ സഹപ്രവര്‍ത്തകര്‍ ആയിക്കോട്ടെ നിരവധി പേരുണ്ട്. അത് വിസ്മരിച്ചുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയോ അല്ലെങ്കില്‍ ചില വ്യക്തികളോ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിഷമതകള്‍ വെച്ചിട്ട് പുരുഷന്‍മാരെ ഒന്നടങ്കം തള്ളിപ്പറയാന്‍ ഒരിക്കലും നമുക്ക് സാധിക്കില്ല.

അതുകൊണ്ട് ഞാന്‍ ഇവിടെ വന്നിരിക്കുന്ന പുരുഷന്‍മാര്‍ക്ക് നന്ദി പറയുകയാണ്. സ്ത്രീകളെ കുറിച്ച് നമ്മള്‍ പറയുന്നതിനൊക്കെ അവര്‍ കയ്യടിക്കുന്നുണ്ട്. അതിന് നന്ദിയുണ്ട്. മറ്റൊരു കാര്യം കുറച്ചെങ്കിലും മാനസിക വിഷമം കാരണം നമ്മുടെ കൂട്ടത്തില്‍ നിന്ന് ആരെങ്കിലും മാറിനില്‍ക്കുന്നുണ്ടെങ്കില്‍ പോലും അവരെ കൂടി നമ്മുടെ ഒപ്പം ചേര്‍ക്കാന്‍ നമ്മള്‍ ശ്രമിക്കണം എന്നതാണ്. എല്ലാ കാലത്തും നമ്മള്‍ ഒന്നാണ്. നമുക്ക് വേണ്ടി ശബ്ദിക്കുന്ന, അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന എത്ര സംഘടനകള്‍ ഉണ്ടായാലും അതിനൊക്കെ ഒപ്പം നമ്മളും ഉണ്ടാകും. അത് നമ്മുടെ ബലമാണ്, നമ്മുടെ ശക്തിയാണ്.

അപ്പോള്‍ ആരും നമ്മളില്‍ നിന്ന് പുറത്തല്ല. ഈ സംഘടനയെ കുറിച്ച് പറയുകയാണെങ്കിലും തമിഴ്, തെലുങ്ക് സംഘടനയിലുള്ള ആളായതുകൊണ്ട് ഞാന്‍ പറയുകയാണ്, നമ്മള്‍ ചെയ്യുന്നത്ര സത്പ്രവൃത്തി ആരും ചെയ്യുന്നില്ല. കൈനീട്ടം എന്ന പേര് വെച്ചാണ് നമ്മള്‍ കൊടുക്കുന്നത്. വൈദ്യസഹായം നല്‍കുന്നുണ്ട്. വീട് വെച്ചുകൊടുക്കുന്നുണ്ട്. സംഘടനയ്ക്ക് പുറത്ത് നില്‍ക്കുന്നവരെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘടന ഐക്യത്തോടെ എന്നും നിലനില്‍ക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.’