300 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്കയിലെ സാന്‍ മത്തേവു കൗണ്ടിയിലെ ഡെവിള്‍സ് സ്ലൈഡില്‍ വച്ചാണ് അപകടം ഉണ്ടായത്. 300 അടി താഴ്ചയിലേക്കാണ് ടെസ്‌ലയുടെ വൈ മോ‍ഡൽ കാർ മറിഞ്ഞത്. നിസാര പരിക്കുകളോടെ കാർ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതമാകുന്നു. ഇന്ത്യൻ വംശജനായ ധര്‍മേഷും ഭാര്യയും നാലു വയസുകാരി മകളും ഒമ്പതു വയസുകാരനായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ധര്‍മേഷ് ബോധപൂര്‍വം അപകടമുണ്ടാക്കുകയായിരുന്നു എന്നാണ് വിവരം.

കാർ പലതവണ മറിഞ്ഞ ശേഷമാണ് 250-300 അടി താഴ്ചയിലേയ്‌ക്ക് കാര്‍ പതിക്കുന്നത്. കാര്‍ വീഴുന്നത് കണ്ടു നിന്നവർ 911-ല്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തി. ഇത്രയും വലിയ അപകടം നടന്നിട്ടും കാര്യമായ പരിക്കുകൾ ഒന്നും പറ്റാതെ യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് അപകടത്തിന് സാക്ഷ്യം വഹിച്ചവർ പറയുന്നു.

പ്രത്യേക സുരക്ഷയുള്ള സീറ്റുകളാണ് കുട്ടികള്‍ക്ക് രക്ഷയായതെന്ന് കരുതാമെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറെസ്റ്ററി ആന്റ് ഫയര്‍ പ്രൊട്ടക്ഷന്‍ കമാന്‍ഡർ പറഞ്ഞു. ചെറിയ തോതില്‍ പരിക്കേറ്റ ധര്‍മേഷിനേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്‌ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ധര്‍മേഷിനെ കോടതിയില്‍ ഹാജരാക്കി.