ഉഷ ജോർജിന്റെ കൊന്തയ്ക്ക് സത്യം ഉണ്ട്, ‘ശാപവാക്കു’കൾ ഏറ്റു.

 

ഈരാറ്റുപേട്ട/ പിണറായി മന്ത്രി സഭയിൽ നിന്ന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിനു പിറകെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഉഷ ജോർജിന്റെ ‘ശാപവാക്കു’കളെക്കുറിച്ച് മുൻ എംഎൽഎ പി.സി.ജോർജിന്റെ ഭാര്യ രംഗത്ത്. ഉഷയുടെ ശാപത്തെ തുടർന്നാണ് സജി ചെറിയാൻ രാജി വെക്കേണ്ടി വന്നതെന്നാണ് സമൂഹമാധ്യമങ്ങളിലാകെ ചർച്ചകൾ നടക്കുന്നത്.

സോളർ കേസ് പ്രതിയുടെ പീഡനപരാതിയിൽ പി.സി.ജോർജിനെ പൊലീസ് പൊടുന്നനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കാൻ ശ്രമിക്കുകയും ശ്രമം നടത്തുമ്പോഴാണ് പിണറായി വിജയനെതിരെ ഉഷ രൂക്ഷവിമർശനം നടത്തുന്നത്. ‘എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കു’മെന്നായിരുന്നു ഉഷയുടെ ശാപ നിഴൽ ചുവയുള്ള വാക്കുകൾ. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ഉഷ അപ്പോൾ പറഞ്ഞിരുന്നതാണ്.

‘വെടിവച്ചു കൊല്ലാൻ ദേഷ്യമുണ്ട്, കുടുംബം തകർക്കുന്ന പണി, പിണറായി അനുഭവിക്കും’ എന്ന തലക്കെട്ടിലായിരുന്നു ഉഷയുടെ പ്രതികരണം പല മാധ്യമങ്ങളും വാർത്തയാക്കിയിരുന്നത്. ഉഷയുടെ പരാമർശം വന്നു ദിവസങ്ങൾക്കകം രണ്ടാം പിണറായി വിജയൻ സർക്കാരിലെ ആദ്യ രാജിയെന്ന നിലയിൽ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ഉഷ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്ത് ആഘോഷിക്കുകയായിരുന്നു.

‘മുഖ്യമന്ത്രിയെക്കുറിച്ച് അങ്ങനെ പറയേണ്ടിവന്നതില്‍ വിഷമമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വന്ന ട്രോളുകളൊക്കെ കണ്ടു. വിഷമമുണ്ടാക്കിയത് മാതാവിന്റെ കൊന്തയെക്കുറിച്ചുള്ള ട്രോളുകളാണ്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആ നിമിഷം വന്നുപോയതാണ്. ഒന്നും സംഭവിക്കണം എന്നു വിചാരിച്ച് പറഞ്ഞതല്ല. പക്ഷേ അത് ഏറ്റു. എല്ലാവരും പറയുന്നു, ചേച്ചിയുടെ പ്രാര്‍ഥന കൊണ്ടാണെന്ന്. പി.സി.ജോർജിനെ തകർക്കാനാണ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നത്. അദ്ദേഹം തകർന്നു പോകാതിരിക്കാനാണ് ഞങ്ങൾ കൊന്തയിൽ മുറുകെപ്പിടിച്ചി രിക്കുന്നത്’ – ഉഷ ജോർജ് പറഞ്ഞു.

ജോർജിനെ മൊഴിയെടുക്കാനെന്ന രീതിയിൽ കൂട്ടികൊണ്ടു പോയി, പീഡനപരാതി യില്‍ അറസ്റ്റ് ചെയ്തതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഉഷ ജോർജ് പറഞ്ഞിരുന്നു. ‘രാഷ്ട്രീയ വൈരാഗ്യമാണിത്. ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി.ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കും’ എന്നും ഉഷ പറയുകയുണ്ടായി.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച്സൂ ചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കും’ – ഇതായിരുന്നു അന്ന് ഉഷയുടെ പ്രതികരണം.