വടിവേലു ബിജെപിയിലേക്കെന്ന് പ്രചരണം, നിലപാട് വ്യക്തമാക്കി താരം

പ്രശസ്ത ഹാസ്യ നടൻ വടിവേലു ബിജെപിയിൽ ചേരുമെന്ന വ്യാപക പ്രചരണത്തിന് ഒടുവിൽ നിലപാട് വ്യക്തമാക്കി താരം. തനിക്ക് രാഷ്ട്രീയത്തോട് താൽപര്യം ഇല്ലെന്നും ബിജെപിയിൽ ചേരുന്നില്ലന്നും നടൻ വാർത്തകൾക്ക് മറുപടിയായി തുറന്നടിച്ചു. കുറെക്കാലമായി അഭിനയ മേഖലയിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ അഭിനയത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് നടൻ രാഷ്ട്രിയ പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നത്.

ബിജെപിയിൽ ചേരുന്നു എന്ന വാർത്ത വ്യാജമാണെന്നും താൻ രാഷ്ട്രിയത്തിലേക്ക് വരാൻ സാധ്യതയില്ലെന്നുമാണ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞത്. മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വേണ്ടി നടൻ പ്രചരണം നടത്തിയിരുന്നു. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായി താരത്തിനെ കണ്ടരുന്നില്ല.

സിനിമ മേഖലയിലെ താരങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസ് വക്താവായിരുന്ന നടി ഖുശ്ബു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി തമിഴകം പിടിക്കാനുള്ള ബിജെപിയുടെ കരുനീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിജയ് നായകാനായി 2017ൽ പുറത്തിറങ്ങിയ മെർസൽ എന്ന ചിത്രത്തിലാണ് വടിവേലു അവസാനമായി അഭിനയിച്ചത്.

ചിമ്പു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിൽ വടിവേലുവും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം നടൻ വിജയ് ബിജെപിയിലേക്കില്ലന്ന് പിതാവും സംവിധാകനുമായ എസ്എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ബിജെപിയിലേക്ക് പോവുകയാണെന്ന വ്യാജ വാർത്തകളോട് പ്രതികരിക്കവെയായിരുന്നു ഒരു ദേശീയ മാധ്യമത്തോട് ചന്ദ്രശേഖർ മകന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും സൂചനകൾ നൽകിയത്.