വണ്ടിപ്പെരിയാർ പീഡനക്കേസ്, മുഖ്യമന്ത്രിയെ കണ്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ വെക്കണമെന്നും കേസിൽ പ്രോസിക്യൂഷനും പൊലീസിനും സംഭവിച്ച വീഴ്ചകൾ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ ആവശ്യം ഡിജിപിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കാണാനെത്തിയത്. പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കുഞ്ഞിന് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്.