കേന്ദ്രം സൗജന്യമായി നല്‍കുമെന്ന് പറഞ്ഞ വാക്‌സിന്‍ വിഷയത്തില്‍ കേരളത്തിന്റെ വക പ്രഖ്യാപനമെന്തിന്; വിഡി സതീശന്‍

ധനമന്ത്രി തോമസ് ഐസകിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വിഡി സതീശന്‍. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടും കേരളം പ്രഖ്യാപനം നടത്തി. ബജറ്റില്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ച ധനമന്ത്രി വീണിടത്ത് നിന്നുരുളുകയാണ്. അഥവാ കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ വാക്‌സിന് പണം സംഭാവനയായി നാം കേരളത്തിന് നല്‍കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ വാകിസിന്‍ ചലഞ്ചിന് നാം പിന്തുണ നല്‍കുകയും വേണമെന്ന് വിഡി സതീശന്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ബജറ്റില്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചിട്ട് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വീണിടത്ത് കിടന്ന് ഉരുളുന്നു. ബജറ്റ് പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ തരുമെന്ന് പറഞ്ഞിട്ടും വെറുതെ ഒരു പ്രഖ്യാപനം കൂടി സംസ്ഥാനത്തിന്റെ വക. ഇനി പണം കയ്യിലില്ലെങ്കില്‍, കേന്ദ്രം തരുന്നില്ലെങ്കില്‍ സാമ്പത്തിക ശേഷിയുള്ളവര്‍ വാക്‌സിനെടുക്കുമ്പോള്‍ പണം സംഭാവനയായി നല്‍കണമെന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിന്‍ ചലഞ്ചിന് നാം പിന്തുണ നല്‍കുകയും വേണം. എന്നിട്ടും ധനമന്ത്രി പറയുന്നത് ഖജനാവില്‍ ഇഷ്ടം പോലെ പണം ബാക്കിയുണ്ടെന്നാണ് !
ഇതൊന്നും ചേരുംപടി ചേരുന്നില്ലല്ലോ!