കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും എസ്എഫ്‌ഐക്കാര്‍ക്കും ഇരട്ടനീതിയെന്ന് വിഡി സതീശന്‍

കൊച്ചി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറെ കരിങ്കൊടി കാട്ടിയ എസ്എഫ്‌ഐക്കാരും മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരും ഒരേ കുറ്റം ചെയ്തിട്ടും രണ്ട് നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിങ്കൊടി കാട്ടിയവരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനാണ് ശ്രമിക്കുന്നത്. ആദ്യം ജാമ്യം ലഭിക്കുന്ന കേസ് ചുമത്തി. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തിയ സിപിഎം ഏരിയാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ജാമ്യം ഇല്ലാ വകുപ്പുകള്‍ ചുമത്തിയത്.

സിപിഎം ഏരിയാ സെക്രട്ടറിയാണ് നഗരത്തിലെ പോലീസ് കമ്മീഷണര്‍ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് സിപിഎം ഏരിയ സെക്രട്ടറി സ്റ്റേഷന്‍ സന്ദര്‍ശിച്ചതും ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.