കേരളത്തിലെ പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞു നടന്നയാള്‍ ഉപദേശിക്കണ്ട; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ വിഡി സതീശന്‍

പറവൂര്‍: ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറാകാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരുമായി ഗവര്‍ണര്‍ വിലപേശുകയാണെും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണം എന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായി ആരുടെ ഉപദേശം കേട്ടാലും അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞു നടന്ന ഗവര്‍ണറുടെ ഉപദേശം കേള്‍ക്കാന്‍ തയ്യാറാകില്ലെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. രാഷ്ട്രീയ സ്ഥിരതയില്ലാത്ത അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കില്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളും കേന്ദ്രത്തിലെ ബിജെപി നേതാക്കളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

‘മറ്റൊരു സംസ്ഥാനത്തും കാണാത്ത പ്രവര്‍ത്തനങ്ങളാണ് ഇവിടെ കാണുന്നത്. വേറൊരു സംസ്ഥാനത്തും മന്ത്രിയുടെ കീഴില്‍ ഇത്രത്തോളം സ്റ്റാഫ് ഇല്ല. പാര്‍ട്ടിയിലെ അംഗങ്ങളെ സംരക്ഷിക്കാനാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്നും ഇതിനെതിരെയുള്ള പോരാട്ടം നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൂടാതെ വി.ഡി സതീശനേയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് എങ്ങനെ പെരുമാറണമെന്ന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച എം എം മണിയേയും എ.കെ ബാലനേയും ഗവര്‍ണര്‍ പേരെടുത്ത് പറഞ്ഞു. തന്നെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധ നേടാനാണ് എം.എം മണിയുടെ ശ്രമം.എ.കെ ബാലന്‍ ബാലിശമായാണ് പെരുമാറുന്നുത്. കാര്യങ്ങള്‍ അറിയാതെ രാജ്ഭവനെ അപമാനിക്കുന്നത് കുറ്റകരമാണ്. പേരിലെ ബാലന്‍ വളരാന്‍ ശ്രമിക്കുന്നില്ലെന്നും ഗവര്‍ണര്‍ പരിഹാസിച്ചു