കുടുംബത്തിന് നൽകിയ ഗുളികയിൽ ശിവരാജന്‍ കലർത്തിയിരുന്നത് സയനൈഡ്, വീടുവയ്ക്കാനെടുത്ത വായ്പ കുടുംബത്തെ കടക്കെണിയിലാക്കി

കോവളം : വെങ്ങാനൂരിലെ കൂട്ടആത്മഹത്യ ശ്രമത്തിൽ മരണപ്പെട്ട പിതാവിന്റെയും മകളുടെയും മൃതദേഹം വീട്ടിൽ എത്തിച്ച് സംസ്കരിച്ചു. വെങ്ങാനൂര്‍ പുല്ലാനിമുക്ക് സത്യന്‍ മെമ്മോറിയല്‍ റോഡ് ശിവബിന്ദുവില്‍ ശിവരാജന്‍(56), മകള്‍ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു(50), മകന്‍ അര്‍ജുന്‍(19) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടുവയ്ക്കാനെടുത്ത വായ്പ കുടുംബത്തെ കടക്കെണിയിലാക്കിയതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഗൃഹനാഥനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ ബി കോംപ്ലക്‌സ് എന്ന പേരില്‍ ശിവരാജന്‍ എല്ലാവര്‍ക്കും ഗുളിക നല്‍കുമായിരുന്നു. വ്യാഴാഴ്ച രാത്രി ഇങ്ങനെ നല്‍കിയ ഗുളികയില്‍ സയനൈഡ് കലര്‍ത്തിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നോടെ ഛര്‍ദിച്ചവശനായ മകന്‍ അര്‍ജുന്‍, അച്ഛന്റെയും അമ്മയുടെയും മുറിയിലെത്തി അവരെ വിളിച്ചിരുന്നു. പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കല്ലുവെട്ടാന്‍കുഴിയില്‍ താമസിക്കുന്ന ഇളയച്ഛന്‍ സതീഷിനെ ഫോണില്‍ വിളിക്കുകയായിരുന്നു.

തുടർന്ന് ഇദ്ദേഹം എത്തിയാണ് ആംബുലൻസ് വിളിച്ച് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ അച്ഛനും മകളും മരിച്ചതായി നഴ്സ് സ്ഥിരീകരിച്ചിരുന്നു. അവശനിലയിലായ ബിന്ദുവിനും മകന്‍ അര്‍ജുനും ആംബുലന്‍സ് ജീവനക്കാര്‍ അടിയന്തരചികിത്സ നല്‍കി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അര്‍ജുന്റെ നില ഉച്ചയോടെ മെച്ചപ്പെട്ടു. ബിന്ദു അപകടനില തരണംചെയ്തിട്ടില്ല. വിഴിഞ്ഞ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.