വിജയ് ബാബു കൊച്ചിയില്‍ തിരികെ എത്തി, ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് താരം

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരികെ എത്തി. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് താത്കാലിക ഉത്തരവ് നല്‍കിയതോടെയാണ് വിജയ് ബാബു തിരികെ എത്തിയത്. നടന്‍ ഇന്ന് തിരികെ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി. കോടതിയില്‍ വിശ്വാസമുണ്ട്. സത്യം പൂര്‍ണ്ണമായും കോടതിയില്‍ തെളിയും. അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുമെന്നും വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയ വിജയ് ബാബു പറഞ്ഞു.

ഉച്ചയോടെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് സൂചന. വിജയ് ബാബുവിനോട് ഇന്നു തന്നെ പോലീസിനു മുമ്പാകെ ഹാജരാകാനും അന്വേഷണത്തോട് സഹകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ ഏപ്രില്‍ അവസാന വാരം ദുബായിലേക്ക് കടന്ന വിജയ് ബാബു പിന്നീട് ജോര്‍ജിയയിലേക്ക് കടന്നിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ അനുകൂല നിലപാട് ഉണ്ടായതോടെയാണ് 39 ദിവസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നത്.

ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് വിജയ് ബാബുവിനെതിരെ ഒരു കേസ്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് തടഞ്ഞിരിക്കുന്നത് നാളെ വരെയാണ്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്നാണ് സൂചന.