ഒമിക്രോണ്‍ അവസാന വകഭേദമല്ല; വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ അനിയന്ത്രിതമായ വ്യാപനം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ലോകം മുഴുവനുമുള്ള ആളുകളെ കൊന്നൊടുക്കുകയാണെന്നും ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നുമാണ് സംഘടന കഴിഞ്ഞ ദിവസം പറഞ്ഞത്.

ഒമിക്രോണ്‍, ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ഗുരുതരമല്ലെന്നും മരണനിരക്ക് താരതമ്യേന കുറവാണെന്നുമുള്ള തരത്തില്‍ പ്രചരണങ്ങള്‍ വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദത്തെ മറികടക്കുന്ന രീതിയിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും പല രാജ്യങ്ങളിലും ആശുപത്രികള്‍ രോഗികളെ ഉള്‍ക്കൊള്ളാനാവാതെ വെല്ലുവിളി നേരിടുകയാണെന്നും ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അഥാനൊം പ്രതികരിച്ചു.

ഒമിക്രോണ്‍ എന്നത് കൊവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ കൊവിഡ് 19  ടെക്‌നിക്കല്‍ വിഭാഗം മേധാവിയായ മരിയ വാന്‍ കെര്‍കോവും പ്രതികരിച്ചു. ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കണക്കുകള്‍ പുതിയ റെക്കോര്‍ഡുകളിലെത്തിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടിട്ടുണ്ട്.

ഒരു കോടിക്കടുത്താണ് (95 ലക്ഷം) കൊവിഡ് കേസുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞയാഴ്ച ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തത്. അതിന് മുന്നത്തെ ആഴ്ചയിലുള്ളതിനെക്കാള്‍ 71 ശതമാനം അധികം കേസുകളാണിത്. എന്നാല്‍ ഈ കണക്കുകളും അപൂര്‍ണമാണെന്നും, ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കണക്കുകള്‍ ഇനിയും ഉയരാമെന്നും ടെഡ്രോസ് അഥാനൊം കൂട്ടിച്ചേര്‍ത്തു.