തിരികെ കയറാന്‍ നിന്നില്ല, തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെസിബി ഉപയോഗിച്ച് അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനായിരുന്നു ശ്രമം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്.

വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു. ഇന്നലെ രാത്രി ഒന്നോടെയാണ് ആന കിണറ്റില്‍ വീണത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറായിരുന്നു ഇത്. അല്‍പ്പം ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോട് ചേര്‍ന്നുള്ള പ്രദേശമാണിത്.