തടി കൂടിയകതിന് പരിഹാസം, ഗർഭം ധരിക്കാത്തതിന് പീഡനം നേരിട്ടു,യുവതിയുടെ മരണത്തിൽ പരാതി

ഒരു പെൺകുട്ടിയുടെ ജീവൻ കൂടി ഭർതൃവീട്ടിൽ പൊലിഞ്ഞു. പാലക്കാട് മാങ്കുറുശ്ശി കക്കോടാണ് കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 19 വയസായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭർതൃവീട്ടിലെ മാനസിക പീഡനം കാരണമാണ് നഫ്‌ല ജീവനൊടുക്കിയത് എന്ന് ആരോപിച്ച് സഹോദരൻ നഫ്‌സൽ രംഗത്ത് എത്തി.

ഭർതൃവീട്ടിൽ കടുത്ത മാനസികപീഡനമാണ് നഫ്‌ല നേരിട്ടതെന്നും ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്‌ലയെ നിരന്തരം പരിഹസിച്ചിരുന്നതായും സഹോദരൻ നഫ്‌സൽ പറയുന്നു. വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്‌ല ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ട്. ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്‌ലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഗർഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു. മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭർതൃവീട്ടിൽനിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റർ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവർ പരിഹാസം തുടരുകയായിരുന്നു ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവർക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല എന്നാണ് അവൾ .ഡയറിയിൽ എഴുതിയിരുന്നത്. വളരെ ബോൾഡായ കുട്ടിയായിരുന്നു നഫ്‌ല. അത്രയേറെ മാനസികപീഡനവും പരിഹാസവും അവൾ നേരിട്ടുണ്ട്. അതാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചത്.

10 മാസം മുൻപാണു ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്‌മാൻ കമുറുലൈസ ദമ്പതികളുടെ മകളായ നഫ്ലയും മുജീബും വിവാഹിതരായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: മുജീബ് വ്യാഴാഴ്ച രാത്രി പുറത്തുപോയി തിരികെ എത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതിൽ സംശയം തോന്നി വാതിൽ പൊളിച്ചു അകത്ത് കിടക്കുകയായിരുന്നു.

അകത്ത് കയറിയ മുജീബ് കണ്ടത് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ നഫ്‌ലയെയാണ്. ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീടു ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആർഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കി കബറടക്കം നടത്തി.