ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധം, മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് യുവമോർച്ച

കൊട്ടാരക്കര : യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും, ആരോഗ്യമന്ത്രി കേരളത്തിന് നാണക്കേടാണെന്നും പ്രഫുൽ കൃഷ്ണ വിമർശിച്ചു.

കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണ്. ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ‘പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണം കെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടു. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിചയം പോലും അവർക്ക് ഉപകാരപെടുന്നില്ല.

വീണാ ജോർജിനെ എത്രയും പെട്ടെന്ന് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ ഇങ്ങനെ ചിലരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി മലയാളികളുടെ സഹന ശേഷിയെ വെല്ലുവിളിക്കുകയാണെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ എംഎൽഎ ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു.