ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 5734

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,734 ആയി ഉയര്‍ന്നു. മരണസംഖ്യ 166 ആയി. 24 മണിക്കൂറിനുള്ളില്‍ 17 പേര്‍ മരിച്ചു. രോഗബാധിതരില്‍ 5,095 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 473 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണസംഖ്യയും മഹാരാഷ്ട്രയിലാണ്. 1135 രോഗികളില്‍ 72 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 738 പേര്‍ക്കും ഡല്‍ഹിയില്‍ 669 പേര്‍ക്കും വൈറസ് ബാധസ്ഥിരീകരിച്ചു. തെലങ്കാനയില്‍ 427 പേര്‍ക്കും രാജസ്ഥാനില്‍ 381 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേ സമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകള്‍ നല്‍കി പുതിയ റിപ്പോര്‍ട്ടുകള്‍. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തില്‍ കൂടാത്തതുമാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണവും.

അതേസമയം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. അതിനാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കാം. ജനുവരി 30ന് വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിനു മുമ്ബ് തന്നെ ഇവരെ ഐസൊലേഷനിലാക്കി ചികിത്സിച്ച്‌ രോഗ മുക്തരാക്കി കേരളം മാതൃക കാട്ടി.

പിന്നീട് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയെങ്കിലും കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തിന് പിടിച്ചുനിര്ത്താന്‍ സാധിച്ചു.