കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണവേട്ട

കണ്ണൂർ : കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്. കഴിഞ്ഞദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്. അതേസമയം, ഒക്ടോബർ 24ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ടോയ്ലറ്റിൽ നിന്ന് 2.15 കോടി രൂപയുടെ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അബുദാബിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) 3.461 കിലോ സ്വർണം കണ്ടെടുത്തത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡി ആർ ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്വർണം കണ്ടെടുക്കുകയായിരുന്നു. സ്വർണബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്വർണമിശ്രിതവുമാണ് ഒളിപ്പിച്ചിരുന്നത്. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങൾ ഡി ആർ ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.

വിമാനത്തിൽ കയറിയ ശേഷം ടോയ്ലറ്റിൽ കയറുന്നുവെന്ന വ്യാജേന കയറി സ്വർണം ഒളിപ്പിക്കുകയും പിന്നീട് വിമാനം ശുചീകരിക്കാനെത്തുന്നവരെ ഉപയോഗപ്പെടുത്തി പുറത്തുകടത്തുന്ന സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കമായിരിക്കാം ഇതെന്നാണ് സൂചന.

അതേസമയം, കഴിഞ്ഞ ആഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 43 ലക്ഷംരൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ യൂസഫാണ് പിടിയിലായത്. 959 ഗ്രാം സ്വർണം മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്‌.