14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; സഹോദരി ഓടി രക്ഷപ്പെട്ടു

ആഗ്ര. അയല്‍ക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവ സമയത്ത് പെണ്‍കുട്ടിക്കൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന 9 കാരിയായ സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു. സഹോദരിക്കൊപ്പം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വീടിന് സമീപത്തെ വയലിലേക്ക് പോയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ഉത്തരപ്രദേശിലെ മഥുരയിലാണ് സംഭവം.

ഇവര്‍ വയലില്‍ എത്തിയ സമയത്ത് അവിടെ എത്തിയ അയല്‍വാസികളായ മൂന്ന് പേര്‍ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന സഹോദരി ഓടിയെത്തി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധു വയലില്‍ എത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതികളില്‍ രണ്ടുപേരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കേസിലെ ഒരു പ്രതി ഓടി രക്ഷപ്പെട്ടു. അതേസമയം കേല്‍ മൂന്ന് പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. 20നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പ്രതികളും. പ്രതികള്‍ ബന്ധുക്കളാണെന്നും സ്ഥിരം മദ്യപാനികളാണെന്നും നാട്ടുകാര്‍ പറയുന്നു.