യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ

ഇൻഡോർ : ആശുപത്രിയിൽ വയറു വേദനയുമായി എത്തിയ യുവതിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 15 കിലോ ഭാരമുള്ള മുഴ. ഇൻഡോറിലെ ഇൻഡക്സ് ആശുപത്രിയിൽ എത്തിയ ആഷ്ത എന്ന യുവതിയുടെ വയറ്റിലാണ് മുഴ കണ്ടെത്തിയത്. പന്ത്രണ്ടോളം ഡോക്ടർമാർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

യുവതിക്ക് ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം കടുത്ത വേദന അനുഭവപ്പെട്ടിരട്ടിരുന്നു. ഇതേ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. രണ്ടു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയ്‌ക്ക് ഒടുവിലാണ് നാൽപത്തിയൊന്നുകാരിയുടെ വയറ്റിൽനിന്നും മുഴ നീക്കിയത്. ഒരു ചെറിയ പിഴവ് മരണത്തിനു പോലും കാരണമായേനെയെന്നും ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡോ.അതുൽ വ്യാസ് പറഞ്ഞു.

അതിനാൽ തന്നെ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. മുഴ നിരവധി നാഡികളാൽ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നെന്നും വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തതെന്നും ഡോക്ടർ പറഞ്ഞു. മുഴ പൊട്ടാറായ നിലയിലായിരുന്നു . നിലവിൽ യുവതി അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി.