മഴക്കെടുതിയില്‍ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശം; കേന്ദ്ര സഹായം തേടുമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം : മഴക്കെടുതിയില്‍ കേരളത്തില്‍ വന്‍ കൃഷി നാശം. 200 കോടിയുടെ കൃഷിനാശമാണ് സംസ്ഥാനത്ത് ഉണ്ടായത്. കുട്ടനാട്ടില്‍ മാത്രം 18 കോടിയുടെ കൃഷി നാശം ഉണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കേരളത്തിനായി പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷി നാശം സംബന്ധിച്ച്‌ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് ശക്തമായ മഴ ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയം ഇടുക്കി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടുകയും വെള്ളം കയറുകയുമുണ്ടായി. ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലാണ് ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയത്. ഇതേത്തുടര്‍ന്നാണ് വ്യാപക കൃഷി നാശം ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 23- ാം തീയ്യതി വരെ കാറ്റ് തുടരും. മരങ്ങളും വൈദ്യുതി കമ്ബികളും പോസ്റ്റുകളും കടപുഴകി വീഴാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണം അതോറിറ്റി നിര്‍ദ്ദേശിച്ചു.