ചന്ദ്രനിൽ തൊടാൻ ഇന് നാല് ദിവസം, ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു. ബുധനാഴ്ച ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് നാലിനാണ് ആദ്യമായി ലാൻഡറിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ലാൻഡർ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ ഇന്നലെ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു.

ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ഓഗസ്റ്റ് 15, 17 തീയതികളില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ലാന്‍ഡര്‍ വേര്‍പെട്ടതിന് ശേഷമുള്ള ദൃശ്യങ്ങളായിരുന്നു ഇന്നലെ പകര്‍ത്തിയത്. ചന്ദ്രനില്‍ നിന്ന് വ്യക്തതയുള്ള വിഡിയോകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.

ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. 113 കിലോമീറ്റര്‍ മുതല്‍ 157 കിലോമീറ്റര്‍ പരിധിയില്‍ ലാന്‍ഡര്‍ എത്തിച്ചു. ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.20ന് പുലർച്ചെ രണ്ടിന് വീണ്ടും ഭ്രമണപഥം താഴ്‌ത്തും. വേഗത കുറയ്ക്കാനുള്ള നാലു ത്രസ്റ്റർ എൻജിനുകളിൽ രണ്ടെണ്ണം ഒരേസമയം പ്രവർത്തിപ്പിച്ച് 30 x 100 കിലോമീറ്റർ ഭ്രമണപഥത്തിൽ എത്തിക്കും. 30 കിലോമീറ്ററിൽ നിന്നാണ് ലാൻഡറിനെ കുത്തനെ ഇറക്കുന്നത്.

ചന്ദ്രന്റെ 800 മീറ്റർ ഉയരത്തിൽ എത്തുന്ന ലാൻഡർ ത്രസ്റ്ററുകളുടെ സഹായത്തോടെ അൽപനേരം നിശ്ചലമാകും. പിന്നീട് സെക്കൻഡിൽ 1– 2 മീറ്റർ വേഗതയിൽ താഴേക്ക് വന്ന് സോഫ്റ്റ് ലാൻഡ് ചെയ്യും. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ മാത്രമായിരുന്നു ചന്ദ്രയാന്‍ രണ്ടില്‍ ലാന്‍ഡിങിന് നിശ്ചയിച്ചിരുന്നത്.