മൂന്നാം ഘട്ട വോട്ടെടുപ്പ്, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി, 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കന്ററി സ്‌കൂളിലെത്തിയാണ് അദ്ദേഹം സമ്മതിദായക അവകാശം വിനിയോഗിച്ചത്. രാവിലെ 8 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമെത്തി പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി.

രാജ്യത്തെ എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദായക അവകാശം ഉപയോഗപ്പെടുത്തണമെന്ന സന്ദേശം നൽകിയാണ് പ്രധാനമന്ത്രി ഗാന്ധി നഗർ മണ്ഡലത്തെത്തി വോട്ട് രേഖപ്പെടുത്തിയത്. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.

അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കുപുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലും ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും.

മുന്നണികളുടെ പ്രധാനമുഖങ്ങളായ അമിത് ഷാ, ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ളാദ് ജോഷി, ദിഗ്വിജയ് സിങ്,, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുടങ്ങിയവരുടെ ജനവിധി വെള്ളിയാഴ്ചയാണ് നിശ്ചയിക്കുക.