സംസ്‌ഥാനത്ത് ഒമിക്രോൺ ആശങ്ക; 57 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി

സംസ്ഥാനത്താകെ 57 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഞായറാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാവരും ശരിയായവിധം മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.