അമ്മ തല്ലിയതില്‍ മനംനൊന്ത് തൊട്ടിലായി കെട്ടിയ സാരി കഴുത്തില്‍ കുരുക്കി ഏഴു വയസ്സുകാരന്‍ മരിച്ചു

കണ്ണൂരിൽ തൊട്ടിൽ തുണിയിൽ കഴുത്ത് കുരുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കണ്ണീർ വാരത്തെ റിജ്വലാണ് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.

ബന്ധുവീട്ടിൽ കുടുംബസമേതം എത്തിയ റിജ്വൽ അവിടെയുള്ള കുട്ടികളുമായി വഴക്കുണ്ടാക്കിയപ്പോൾ അമ്മ ശരണ്യ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു
സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടത്.

കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയില്‍ എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.