ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു ഭക്തർ മടങ്ങി

ആറ്റുകാൽ അമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു,ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും രോഗദുരിതങ്ങള്‍ ഒഴിയാനും ആയുരാരോഗ്യത്തിനും ശത്രുദുരിതങ്ങള്‍ക്കുമായി ഭക്തിനിർവൃതിയോടെ പൊങ്കാല വഴിപാടുകള്‍ സമർപ്പിച്ചു ഭക്തർ മടങ്ങുന്നു .ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിച്ചു. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 250-ലേറെ പൂജാരിമാര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥം വിതറി നിവേദിച്ചു.

ഈ സമയത്ത് ആകാശത്തുനിന്ന് വായുസേനയുടെ ചെറുവിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു.അടുത്തവർഷത്തെ പെങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്കുനൽകിയാണ് ഭക്തർ മടങ്ങുന്നത്. മടങ്ങിപ്പോകുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ്. കെ എസ് ആർ ടി സിയും റെയിൽവേയും ഒരുക്കിയിരിക്കുന്നത്. മറ്റുജില്ലകളിലേക്ക് ഉൾപ്പടെ 500 ബസുകളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്.

ഇന്നു രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് അഗ്നിപകര്‍ന്ന് പൊങ്കാല ആരംഭിച്ചത്. പണ്ടാര അടുപ്പിൽ നിന്ന് ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നപ്പോൾ അനന്തപുരി യാഗഭൂമിയായി മാറി. വെള്ളപ്പൊങ്കൽ,​ കടുംപായസം,​ തെരളി,​ മണ്ടപ്പുറ്റ് തുടങ്ങി അമ്മയുടെ ഇഷ്ടവിഭവങ്ങൾ ഒന്നൊന്നായി അവ‌ർ ഒരുക്കി. ഭക്തലക്ഷങ്ങൾക്ക് കുടിനീരും ഭക്ഷണവും നൽകാൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും മത്സരിക്കുകയായിരുന്നു. എല്ലാം മംഗളമാക്കാൻ പൊലീസും ഫയർഫോഴ്സും ആരോഗ്യവകുപ്പും നഗരസഭയുമൊക്കെ സർവസജ്ജമായി പൊങ്കാലയിലുടനീളം ഉണ്ടായിരുന്നു.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ നാൾതൊട്ട് വ്രതമനുഷ്ഠിച്ച് ശുദ്ധിനേടിയ ശരീരവും മനസുമായാണ് ഏവരും എത്തിയത്. സ്വകാര്യ വാഹനങ്ങളിലും ബസിലും ട്രെയിനിലുമായെത്തിയ അന്യജില്ലക്കാർ ഇന്നലെ വൈകിട്ടോടെ പ്രധാന റോഡുകളും ഇടവഴികളുമൊക്കെ കൈയടക്കി. തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും ഭക്ത‌ർ എത്തി. കൂടാതെ വിദേശികളും.ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം. പാട്ടുതീർന്നതോടെയാണ് ശ്രീകോവിലിൽനിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നത്.

ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.

തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കിപ്പൂജയ്ക്കു ശേഷം മടക്കിയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.30-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.