മരം കടപുഴകി വീണ് അപകടം, സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

കോഴിക്കോട്: നന്‍മണ്ട ബ്രഹ്‌മകുളത്ത് വലിയ മരം കടപുഴകി വീണ് സ്‌കൂട്ടര്‍ യാത്രികന് സാരമായി പരിക്കേറ്റു. കുറ്റിച്ചിറ സ്വദേശി അഷ്‌റഫിനാണ് പരിക്കേറ്റത്. അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് വലിയ ചീനി മരം കടപുഴകി വീണത്.

ഈ സമയം ഇതുവഴി സ്‌കൂട്ടറില്‍ വന്ന അഷ്‌റഫിന്റെ ദേഹത്താണ് മരം പതിച്ചത്. സ്‌കൂട്ടറും അഷ്‌റഫും മരത്തിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ആറുമാസം മന്‍പ് ഇതിന് സമീപം തന്നെ നന്‍മണ്ട അമ്പലപ്പൊയില്‍ എന്ന സ്ഥലത്ത് സമാന രീതിയില്‍ റോഡിലേക്ക് മരം കടപുഴകി വീണ് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചിരുന്നു.

അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതവും പുനസ്ഥാപിച്ചു. അതേസമയം തിരുവനന്തപുരത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശ്രീകണ്ഠനാണ് (68) മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.