ലഹരി മരുന്ന് കേസിലെ പ്രതി എക്സൈസ് ഓഫീസിലെത്തി വടിവാൾ വീശി ഭീഷണി മുഴക്കി , പരാതി നല്കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

കോഴിക്കോട്. ഭാര്യയ്‍ക്കൊപ്പം എക്സൈസ് ഓഫീസിൽ വടിവാൾ വീശി ഭീഷണി മുഴക്കിയ ലഹരി മരുന്ന് കേസിലെ പ്രതിയ്ക്കെതിരെ താമരശ്ശേരി പൊലീസ് നടപടിയെടുത്തില്ല. പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായതായി പരാതി. താമരശ്ശേരി കൂരിമുണ്ടയിലെ ലഹരി മരുന്ന് കേസിലാണ് പ്രതി അയ്യൂബിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് എക്സൈസ് ആരോപിക്കുന്നത്.

2022 സെപ്റ്റംബറിൽ ലഹരി വില്പനയുമായി ബന്ധപ്പെട്ട് താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം എക്സൈസ് ഷാഡോ സംഘം അയ്യൂബിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് അയ്യൂബും ഭാര്യയും താമരശ്ശേരി എക്സൈസ് ഓഫീസിലെത്തി വടിവാൾ വീശി ഭീഷണി മുഴക്കിയത്. ഇക്കാര്യത്തില്‍ എക്സൈസ് ഇൻസ്പെക്ടർ പരാതി നൽകിയിട്ടും താമരശ്ശേരി പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.

പ്രദേശത്തെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വിപണത്തിനുമെതിരെ ചേർന്ന ജാഗ്രതാസമിതി യോഗത്തിലാണ് എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ വെളിപ്പെടുത്തൽ. ലഹരി മാഫിയ സംഘത്തെ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന് താമരശ്ശേരിയിലെ ഡി.വൈ.എഫ്.ഐ നേതൃത്വവും ആരോപിക്കുന്നു.