അച്ചാമ്മയുടെ മുഖവും രഹസ്യഭാഗങ്ങളും വെട്ടിനശിപ്പിച്ചു, വികൃതമാക്കിയ നിലയിൽ, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി ചമ്പക്കരയിൽ വയോധിക വെട്ടേറ്റു മരിച്ച സംഭവത്തില്‍ കുടുതൽ വിവരങ്ങൾ പുറത്ത്. നാടിനെ നടുക്കിയ കൊലവിളി നീണ്ടതു മണിക്കൂറുകളോളം. കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു മകൻ വിനോദ് ഏബ്രഹാമിന്റെ അക്രമത്തിൽ മരണപ്പെട്ടത്.

മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെയാണ് തലയ്ക്കടിച്ച കൊലപ്പെടുത്തിയത്. തുരുത്തി ക്ഷേത്രത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ മകൻ വിനോദ് ഏബ്രഹാമിനെ(52) മരട് പൊലീസ് അറസ്റ്റ് ചെയ്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് ദാരുണ സംഭവമുണ്ടായത്.

ഫ്ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ വിനോദിനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും പരാജയമായിരുന്നു ഫലം. മണിക്കൂറുകളോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് മകൻ കൊല നടത്തിയതെന്നാണ് വിവരം. രണ്ടാമത്തെ തവണ പോലീസെത്തി വാതിൽ പൊളിച്ചപ്പോൾ കണ്ടത് അകത്തെ മുറിയിൽ അച്ചാമ്മയെ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ചു വികൃതമാക്കിയ നിലയിലായിരുന്നു.

അക്രമാസക്തനായ വിനോദിനെ പൊലീസ് വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. തുടർന്ന് വിനോദിനെ ആശുപത്രിയിലേക്കു മാറ്റി. ഇയാൾ മാനസിക രോഗിയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാവിലെ മുതൽ മകൻ മാതാവിനെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. അയൽവാസി ഡിവിഷൻ കൗൺസിലറെ വിവരം അറിയിച്ചു. പ്രശ്നത്തിൽ ഇടപെട്ട കൗൺസിലർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.

മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ലെന്നാണ് വിവരം. ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങുകയായിരുന്നു. വെെകുന്നേരത്തോടെ വിനോദ് വീണ്ടും അക്രമാസക്തനാകുകയായിരുന്നു. വീടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെ അയൽവാസികൾ വീണ്ടും കൗൺസിലറെ വിവരം അറിയിച്ചു. കൗൺസിലർ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തിയെങ്കിലും വീട് തുറക്കാനായില്ല.

വീട് ചവിട്ടിപ്പൊളിക്കണമെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് പൊലീസ് പറഞ്ഞതനുസരിച്ച് റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഉടൻ തന്നെ അനുമതി നൽകിക്കൊണ്ടുള്ള കത്ത് തയ്യാറാക്കി നൽകി. തുടർന്ന് ബലംപ്രയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചിട്ടും പൊലീസിന് കഴിഞ്ഞില്ല. ഇതോടെ പൊലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.

വളരെ ശ്രമഫലമായി രാത്രി എട്ടോടെ പൊലീസ് വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും കൊല നടന്നിരുന്നു. കെെയിൽ കത്തിയുമായി വിനോദ് പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് ഏറെ പണിപ്പെട്ടാണ് വിനോദിനെ പൊലീസ് കീഴടക്കിയത്. തുടർന്ന് അകത്തെ മുറിയിൽ പ്രവേശിച്ച പൊലീസ് കണ്ടത് വളരെ ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ടു കിടക്കുന്ന അച്ചാമ്മയെയാണ്. അച്ചാമ്മയുടെ മുഖത്ത് നിരവധി വെട്ടുകൾ ഏറ്റിരുന്നു. രഹസ്യഭാഗങ്ങളിലും വെട്ടേറ്റ് മാരകമായി മുറിവു പറ്റിയിരുന്നതായി പൊലീസ് പറഞ്ഞു.അമ്മയും മകനും 10 വർഷത്തിലേറെയായി ഈ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയിട്ടെന്നാണ് റിപ്പോർട്ട്.