പാര്‍ലമെന്റില്‍ വീണ്ടും എംപിമാര്‍ക്കെതിരെ നടപടി, 50 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ചൊവ്വാഴ്ച 50 എംപിമാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കേരളത്തില്‍ നിന്നും കെ സുധാകരന്‍, ശശി തരൂര്‍, അബ്ദുസ്സമദ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതേസമയം ഈ സമ്മേളന കാലയളവില്‍ പ്രതിപക്ഷത്ത് നിന്നും 142 എംപിമാരാണ് സസ്‌പെന്‍ഷനിലായത്.

സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച ഇരുസഭകളില്‍ നിന്നും 78 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരില്‍ കേരളത്തില്‍ നിന്നുള്ള 14 എംപിമാരും ഉള്‍പ്പെടും. അതേസമയം സമീപകാല ചരിത്രത്തില്‍ ഇത്ര അധികം എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ആദ്യമാണ്.

ഇന്ദിരാഗാന്ധിയുടെ വധമന്വേഷിച്ച ജസ്റ്റിസ് താക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി പ്രതിഷേധിച്ച 63 അംഗങ്ങളെ 1989 മാര്‍ച്ച് 15ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.