കോമഡി ആർടിസ്റ്റുകൾക്ക് കൂടുതൽ സ്വീകാര്യത, ചിരിപ്പിക്കുന്നവരെ ആർക്കാണ് ഇഷ്ടമല്ലാത്തത്: സുരാജ് വെഞ്ഞാറമൂട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യ നടനായി എത്തി പിന്നീട് മികച്ച നടനുള്ള പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു. നടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

ചിരിപ്പിക്കുന്നവര്‍ ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് സുരാജ് വെഞ്ഞാറമൂട്. നായകനോ, വില്ലനോ അല്ലെങ്കില്‍ മറ്റ് ആര്‍ക്ക് കിട്ടുന്നതിനേക്കാളും കൂടുതല്‍ ഇഷ്ടം, സ്വീകാര്യത കോമഡി ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കാറുണ്ട്. ഒരാളെ പൊട്ടിച്ചിരിപ്പിക്കുക, രസിപ്പിക്കുക എന്നതു നിസാര കാര്യമല്ല. സിനിമയില്‍ മാത്രമല്ല, സീരിയലുകളിലാണെങ്കിലും നാടകത്തിലാണെങ്കിലും കോമഡി ആര്‍ട്ടിസ്റ്റുകളോട് ആളുകള്‍ക്ക് എന്നും ഒരിഷ്ടം കൂടുതലുണ്ട്.

സിനിമയിലെ കോമഡി രംഗങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ തലമുറയിലെ സിനികളില്‍ നിന്നു വ്യത്യസ്തമാണ് സമകാലിക സിനിമ ഹാസ്യം കൈകാര്യം ചെയ്യുന്നത്. മുൻ തലമുറയിലെ അടൂര്‍ ഭാസി, എസ്.പി. പിള്ള, മാള, പപ്പു, ജഗതി തുടങ്ങിയവരുടെ രീതിയല്ല ഇപ്പോഴുള്ളവര്‍ ചെയ്യുന്നത്. പഴയ സിനിമകളിലെല്ലാം കോമഡി ആര്‍ട്ടിസ്റ്റുകള്‍ ഒരു പ്രത്യേക ട്രാക്കിലൂടെയാണ് പോയിരുന്നത്. കോമഡിക്കു വേണ്ടി സീനുകള്‍ മാറ്റിവച്ചിട്ടുള്ളതായും കാണാം. അവര്‍ സ്‌ക്രീനിലേക്ക് വരുമ്പോഴേ ആളുകള്‍ ചിരിക്കാൻ തുടങ്ങും. അമ്പിളിച്ചേട്ടൻറെ (ജഗതി ശ്രീകുമാര്‍) ഒരു നോട്ടം മതി ആളുകളെ ചിരിപ്പിക്കാൻ. കോമഡിക്കു ഡബിള്‍ മീനിങ് ഉപയോഗിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍, ആ രീതികള്‍ക്കൊക്കെ മാറ്റം വന്നുകൊണ്ടിരിക്കുന്നതായാണ് പുതിയ സിനിമ അഥവാ നമ്മള്‍ ന്യൂജെൻ സിനിമ വ്യക്തമാക്കുന്നത്.

സിറ്റുവേഷൻ കോമഡിയാണ് ഇപ്പോഴത്തെ സിനിമകളധികവും കൈകാര്യം ചെയ്യുന്നത്. കറക്‌ട് സിറ്റുവേഷൻ ആണെങ്കില്‍, സിറ്റുവേഷനില്‍ നമ്മള്‍ ചെയ്തത് ഓകെയായെങ്കില്‍ ജനം ചിരിക്കും, കൈയടിക്കും ഇഷ്ടപ്പെടും. ജനം ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. സിറ്റുവേഷനില്‍ കറക്‌ട് സമയത്ത് ഓവറാകാതെ ചെയ്താല്‍ ജനം സ്വീകരിക്കും- സുരാജ് പറഞ്ഞു.