ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയില്‍ നടപടി, പിപി ചിത്തരഞ്ജനെ തരംതാഴ്ത്തി

ആലപ്പുഴ. കടുത്ത വിഭാഗീയതയില്‍ ആലപ്പുഴ സിപിഎമ്മില്‍ നടപടി. പിപി ചിത്തരഞ്ജന്‍ എംഎല്‍എ, എം സത്യപാലന്‍ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. അതേസമയം ലഹരിക്കടത്ത് ആരോപണം നേരിട്ട ഏരിയ കമ്മിറ്റിയംഗം എ ഷാനവാസിനെ സിപിഎം പുറത്താക്കി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികള്‍ പിരിച്ചു വിടുകയും ചെയ്തു.

വിഷയത്തില്‍ സിപിഎം സെക്രട്ടേറിയേറ്റ് തീരുമാനം ചൊവ്വാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കും. ഏരിയ സമ്മേളങ്ങളിലെ വിഭാഗിയതയില്‍ കുറ്റക്കരാണെന്ന് കണ്ടെത്തിയ എല്ലാവരെയും താക്കീത് നല്‍കും. എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്.

ആലപ്പുഴ ജില്ല കമ്മിറ്റിയിലും എംവി ഗോവിന്ദന്‍ പങ്കെടുക്കും. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയ കമ്മിറ്റികള്‍ ഒന്നാക്കി അഡ്‌ഹോക് കമ്മിറ്റി രൂപികരിച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം സബി ചന്ദ്രബാബുവിനെ സെക്രട്ടറിയാക്കി.