ചെന്നൈയിൽ ജല്ലിക്കെട്ട്‌ നടത്തുമെന്ന് പ്രഖ്യാപിച്ച് കമൽഹാസൻ

ചെന്നൈ: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാടിന്റെ തെക്കൻജില്ലകളിൽ അരങ്ങേറുന്ന ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെന്ന് മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ. ‘‘ചെന്നൈയിൽ ജല്ലിക്കെട്ട് നടത്തണമെന്നത് എന്റെ ആഗ്രഹമാണ്. അതിനുളള ഒരുക്കത്തിലാണ്. വേദി ഉടൻ പ്രഖ്യാപിക്കും’’

വെളളിയാഴ്ച ചെന്നൈയിൽ പാർട്ടിപ്രതിനിധികളുമായി ചേർന്ന യോഗത്തിനുശേഷം കമൽഹാസൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. ജല്ലിക്കെട്ടിനായി വൻപ്രക്ഷോഭം അരങ്ങേറിയ ചെന്നൈ മറീന കടൽക്കരയിൽ മത്സരംനടത്താനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

അധികൃതരിൽനിന്ന് അനുമതി നേടിയാലുടൻ ഒരുക്കങ്ങൾ തുടങ്ങും. തമിഴകത്തിന്റെ പരമ്പരാഗത കായികവിനോദമായ ജല്ലിക്കെട്ടിന്റെ ഭംഗിയും മഹത്ത്വവും നഗരവാസികൾക്കുകൂടി കാട്ടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 2017-ൽ മറീനയിൽ നടന്ന ജല്ലിക്കെട്ടു പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ് കമൽഹാസൻ.

കേരളത്തിൽ പൂരത്തിനും മറ്റും ആനയെ എഴുന്നള്ളിക്കാമെങ്കിൽ തമിഴ്‌നാട്ടിൽ എന്തുകൊണ്ട് ജല്ലിക്കെട്ടു നടത്തിക്കൂടായെന്ന് അദ്ദേഹം അന്ന് ചോദിച്ചിരുന്നു. കേരളത്തിൽ മദമിളകിയ ആനകളുടെ കുത്തേറ്റ് ധാരാളംപേർ മരിക്കുന്നു. എന്നിട്ടും ആനയെഴുന്നള്ളിപ്പ്‌ തടയുന്നില്ല. മണിക്കൂറുകളോളം ആനകളെ വെയിലത്തുനിർത്തുന്നു. എന്നിട്ടും അത് വേണ്ടന്ന് വെയ്ക്കുന്നില്ലല്ലോ.