നടിയെ പീഡിപ്പിച്ചെന്ന കേസ്: തുടരന്വേഷണം പ്രതിസന്ധിയിൽ

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തുടരന്വേഷണം പ്രതിസന്ധിയിൽ. കേസിൽ നടൻ ദിലീപിനെ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്. പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന ഉന്നതൻ സർവീസിൽ നിന്നു വിരമിച്ചിട്ടും അദ്ദേഹം നിയന്ത്രിച്ചിരുന്ന ലോബി പൊലീസിൽ ഇപ്പോഴും ശക്തമാണ്. ഇവർ നടത്തിയ ചരടുവലിയാണ് അന്വേഷണത്തിന്റെ ചുമതലയിൽ നിന്ന് എഡിജിപി എസ്.ശ്രീജിത്തിനെ മാറ്റാൻ വഴിയൊരുക്കിയത്.

കേസിൽ ദിലീപ് അറസ്റ്റിലായതോടെ ‘50 ലക്ഷം കൊടുത്തതു വെറുതെയായെന്നു പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുതെന്നാണ്.

നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയിരിക്കുന്നത്.