പ്രണയ സാഫല്യം, നടി മഞ്ജിമ മോഹൻ ഇനി ​ഗൗതമിന്റെ സ്വന്തം

നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രണയത്തിലാണെന്ന വിവരം ഗൗതം കാർത്തിക്കും മഞ്‍ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.

ബാലതാരമായി വന്ന് നായികയായി വളർന്ന നടിയാണ് മഞ്‍ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി മഞ്‍ജിമ മോഹൻ അഭിനയിച്ചു. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്‍ജിമ മോഹൻ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തിൽ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. ‘എഫ്‍ഐആർ’ എന്ന ചിത്രമാണ് മഞ്‍ജിമ മോഹൻ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത ‘കടലി’ലൂടെയാണ് ഗൗതം കാർത്തിക് വെള്ളിത്തിരയിൽ നായകനായി എത്തി. എ മുരുഗദോസ് നിർമിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാർത്തിക് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കുന്നുണ്ട്.