‘ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറിപ്പിടിച്ച് ചുമ്മാ സമയം കളയാതെ’; അവള്‍ എന്റെയാണ്, ലോകം എന്തും പറയട്ടേയെന്ന് മുക്ത

സ്റ്റാര്‍ മാജിക് എന്ന ഗെയിം ഷോയില്‍ മകളുമായി പങ്കെടുത്തപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതില്‍ പ്രതികരണവുമായി നടി മുക്ത രംഗത്ത്.’ഞാന്‍ പറഞ്ഞ ഒരു വാക്കില്‍ കേറി പിടിച്ചു അത് share ചെയ്തു സമയം kalayathe… ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം…. അവര്‍ക്കും ആ കുടുംബങ്ങള്‍ ക്കും വേണ്ടി പ്രാര്‍ത്ഥിക്കു’- എന്നാണ് മുക്ത ജോര്‍ജ്ജ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

‘അവള്‍ എന്റെയാണ്, ലോകം എന്തും പറയട്ടെ എന്ന ക്യാപ്ഷനോടെ മകള്‍ക്കൊപ്പമുള്ള ചിത്രവും മുക്ത പങ്കുവെച്ചു. ഷോയിലെത്തിയ മുക്ത കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെക്കുന്നതിനൊപ്പം മകളെ കുറിച്ചും വാചാലയായിരുന്നു. തന്റെ പേരന്റിംഗിനെ കുറിച്ച് സംസാരിച്ച മുക്ത മകളെ മിക്ക കാര്യങ്ങളും താന്‍ പഠിപ്പിക്കാറുണ്ട് എന്നും പറഞ്ഞിരുന്നു. അവളെ ഞാന്‍ അത്യാവശ്യം ക്‌ളീനിംഗും കുക്കിങ്ങും ഒക്കെയും ചെയ്യിക്കും. അപ്പോള്‍ ബാലവേലയാണ് പരിപാടി എന്നൊരു നടന്‍ ചോദിക്കുമ്പോള്‍, പെണ്‍പിള്ളേര്‍ ഒക്കെയും ചെയ്തു പഠിക്കണം ചേട്ടാ എന്നാണ് മുക്ത മറുപടി നല്‍കിയത്.

ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്ന വരെയേ ഉള്ളൂ. അത് കഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയായി. അപ്പോള്‍ നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടില്‍ ചെന്ന് കയറാന്‍ ഉള്ളതല്ലേ. എന്നായിരുന്നു മുക്തയുടെ വാക്കുകള്‍. നടിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വിവാദമാക്കിയിരുന്നു. ഈ വാക്കുകള്‍ തീര്‍ത്തും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുക്ത പ്രതികരിച്ചത്.