നടി ആകാനുള്ള സൗന്ദര്യം ഇല്ല എന്ന് പറഞ്ഞ് അപമാനിച്ചു, എന്നാൽ ലാലേട്ടന്റെ വാക്കുകൾ പ്രചോദനമായി – സ്വാസിക

ഒട്ടനവധി സിനിമകളിൽ തിളങ്ങിയ സ്വാസിക, എന്ന് പറയുന്നതിലും ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയം. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകർ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം ശ്വസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല.

ഇപ്പോൾ ഒരു ചാനലിൽ അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ അതിലെ അവതാരകയായി എത്തിയ പ്രമുഖ നടി തന്നെ കുറിച്ച് പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ സ്വാസിക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു നായികയ്ക്ക് വേണ്ട ക്വാളിറ്റി തനിക്കില്ലെന്ന് ആ അവതാരക പറഞ്ഞുവെന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.

ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തമിഴ് ചാനലിൽ ഒരു അഭിമുഖം നൽകി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു . സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു . എന്നാൽ ഷോ ടെലിവിഷനിൽ വന്നപ്പോൾ, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ അവർ ഉൾപ്പെടുത്തി. അവർ ഞാനായിരുന്നു എന്നതായിരുന്നു സിനിമയുടെ ഏക പോരായ്മ. അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്, അവർ ഒരു പ്രമുഖ ആയത് കൊണ്ട് ഇതൊക്കെ സത്യം ആയിരിക്കുമോ എന്ന് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു, മുഖ കുരു ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് ‘പ്രേമം’ എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി. അതുപോലെ ലാലേട്ടന്റെ വാക്കുകളും എനിക്ക് ആത്മവിശ്വാസം നൽകി. അതായത്, നമ്മൾ സുന്ദരന്മാരോ സുന്ദരികളോ ആയിരിക്കണമെന്നില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മോട് ഇഷ്ടം തോന്നുന്നതാണ്. അല്ലാതെ നമ്മുടെ സൗന്ദര്യമല്ല പ്രധാനം.