അപ്പൻ മരിച്ചത് പത്രത്തിൽ കൊടുക്കാൻ കാശില്ലായിരുന്നപ്പോൾ പ്രമുഖ നടനോട് കടം ചോദിച്ചു, അയാൾ തന്നില്ല- കുഞ്ചാക്കോ ബോബൻ

പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. സിനിമ വിശേഷങ്ങളും കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളും ചാക്കോച്ചൻ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുട്ടി ജനിച്ചതിനുശേഷം മകൻ ഇസയുടെ വിശേഷങ്ങളാണ് കൂടുതൽ പങ്കുവയ്ക്കാറുള്ളത്.

മലയാള ചലച്ചിത്ര നടനും നിർമ്മാതാവും ഉദയ സ്റ്റൂഡിയോയുടെ സ്ഥാപകനും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. മരണപ്പെട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനത്തിനെലല്ലാം ഹൃദയസ്പർശിയായ പോസ്റ്റുകൾ താരം കുറിക്കാറുണ്ട്. അപ്പനും മകനും തമ്മിലുള്ള സ്നേഹത്തിൻ‌റെ തീവ്രത പോസ്റ്റുകളിൽ പ്രകടമാണ്.

വർഷങ്ങൾക്ക് മുമ്പ് കുഞ്ചാക്കോ ബോബൻ നടത്തിയ അഭിമുഖം വീണ്ടും വൈറലാവുകയാണ്. താരത്തിന്റെ വാക്കുകളിങ്ങനെ.. ഞാൻ വളരെ സോഫ്റ്റ് ഹാർട്ട്ഡ് ആയൊരു ആളാണ്. അതിന് കാരണം തന്റെ അപ്പനാണ്. അദ്ദേഹം ഒരു ബിസിനസുകാരൻ ആയിരുന്നു. പക്ഷെ ബിസിനസ്കാരൻ എന്നതിലുപരി അദ്ദേഹം സൗഹൃദത്തിനു ഒരുപാട് പ്രാധാന്യം നൽകിയ വ്യക്തിയായിരുന്നു.

അമ്മയുടെ സ്വർണമെടുത്തു കൂട്ടുകാരനെ സഹായിക്കാൻ പോയ അപ്പനെ താൻ കണ്ടിട്ടുണ്ട്. കാശ് തരാതെ പോയ സുഹൃത്തിനെ ബുദ്ധിമുട്ടിക്കാനോ വഴക്ക് കൂടാനോ ഒന്നും അപ്പൻ പോയിട്ടില്ല അപ്പൻ മരിച്ച സമയം സാമ്പത്തികമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അപ്പന്റെ മരണവാർത്ത പത്രത്തിൽ കൊടുക്കാൻ പോലും അന്ന് തന്റെ കൈയിൽ കാശില്ലാത്ത അവസ്ഥയായിരുന്നു. താൻ അന്ന് മലയാള സിനിമയിലെ ഒരു പ്രമുഖ നടനോട് കുറച്ചു പണം കടം ചോദിച്ചു. പക്ഷെ അത് തന്നില്ല. പിൽകാലത്ത് അയാൾ എന്നോട് കടം ചോദിച്ചിട്ടുണ്ട്. ഞാനത് നൽകുകയും ചെയ്തു. പ്രതികാരം ചെയ്യാൻ വേദനിപ്പിക്കേണ്ട കാര്യമില്ലെന്ന് അപ്പനാണ് പഠിപ്പിച്ചതെന്നും താരം പറയുന്നു.