വികാര നിർഭരമായ യാത്രായപ്പ്, അനുപമയുടെ കുഞ്ഞിനെ ദമ്പതികൾ യാത്രയാക്കിയത് പുതു വസ്ത്രങ്ങളടക്കം നൽകി

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികൾ യാത്രയാക്കിയത് വികാര നിർഭരമായി. വിജയവാഡയിലെത്തിയ ഉദ്യോഗസ്ഥ സംഘം സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. അധ്യാപക ദമ്പതികൾക്ക് കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുട്ടി നിർമല ശിശുഭവനിൽ തുടരും.

കോടതിയുടെ ഉത്തരവില്ലാതെ കുട്ടിയെ കൈമാറിയാൽ നിയമപ്രശ്നം ഉണ്ടാകുമോയെന്ന് ദമ്പതികൾ ഉദ്യോ​ഗസ്ഥരോട് ചോദിച്ചു. കോടതി നിർദേശങ്ങൾ ഉദ്യോഗസ്ഥർ ദമ്പതികളെ അറിയിച്ചു. വാർത്തകളിലൂടെ വിവരങ്ങൾ അറിഞ്ഞിരുന്നതായി വ്യക്തമാക്കിയ ദമ്പതികൾ യഥാർഥ അമ്മയ്ക്കു നീതി ലഭിക്കണമെന്ന നിലപാടാണെന്ന് അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്.

ദത്തെടുത്തത് നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ദമ്പതികൾ ഉദ്യോഗസ്ഥരോടു പറഞ്ഞു. ദത്തെടുക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷിച്ചു. വഞ്ചിയൂർ കുടുംബക്കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. വിവാദങ്ങൾ മനോവിഷമമുണ്ടാക്കിയെന്നും അവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികൾ താമസിച്ചിരുന്നത്.